കൽപ്പറ്റ:വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്ക് കൈമാറി. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ 595 പോളിങ് സ്റ്റേഷനുകള്‍ക്കായി റിസര്‍വ് ഉള്‍പ്പെടെ 712 കണ്‍ട്രോള്‍ യൂണിറ്റുകളും 1424 ബാലറ്റ് യൂണിറ്റുകളും 772 വി.വിപാറ്റുകളുമാണ് കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്ന് കൈമാറിയത്.
ഉപതെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ ബൂത്തിലും ഉപയോഗിക്കുക. ഒരു ബാലറ്റ് യൂണിറ്റില്‍ 16 സ്ഥാനാര്‍ഥികളെ വരെസെറ്റ് ചെയ്യാമെങ്കിലും നോട്ടക്ക് കൂടി ബട്ടന്‍ ആവശ്യമായതിനാലാണ് രണ്ട് യൂണിറ്റുകള്‍ വേണ്ടിവരുന്നത്. ഇതിനായി ഓരോ പോളിങ് സ്റ്റേഷനിലേക്കും അനുവദിച്ച സപ്ലിമെന്ററി ബാലറ്റ് യൂണിറ്റുകളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ചേംബറില്‍ നടന്നു. ഓരോ നിയോജക മണ്ഡലത്തിനുമുള്ള കണ്‍ട്രോള്‍/ബാലറ്റ് യൂണിറ്റുകള്‍ സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്. ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, സീനിയര്‍ സൂപ്രണ്ട് അന്‍സു ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപവരണാധികാരികള്‍ക്ക് കൈമാറിയ വോട്ടിങ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രമായ നിലമ്പൂര്‍ അമല്‍ കോളെജിലും മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടെ വിതരണം അമല്‍ കോളെജിലും ഏറനാട് മണ്ഡലത്തിന്റെത് ചുള്ളക്കാട് സ്‌കൂളിലുമാണ്. നവംബര്‍ 7, 8 തിയ്യതികളില്‍ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും. വോട്ടെടുപ്പിന്റെ തലേദിവസമായ 12 നാണ് സാമഗ്രികളുടെ വിതരണം. നവംബര്‍ 13 വോട്ടെടുപ്പിന് ശേഷം മൂന്ന് മണ്ഡലങ്ങളുടെയും വോട്ടിങ് യന്ത്രങ്ങള്‍ നിലമ്പൂര്‍ അമല്‍ കോളെജിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക.
The vote punching machine has arrived. Started giving 2 units each.